കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം മെയ്‌ 16ന്‌ ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 മെയ്‌ 16ന്‌ ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌ പാലസ്‌ഹോട്ടലില്‍വെച്ച്‌ നടത്തപ്പെടുന്നു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വകാലകലാലയ സ്‌മരണകളുംബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്‌ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്‌പരം പങ്കുവയ്‌ക്കുന്ന തിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈസൗഹൃദ സംഗമം ഒരുവന്‍വിജയമാക്കി തീര്‍ക്കുന്നതിന്‌ എല്ലാ കേരള കോളേജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനാംഗങ്ങളെയും, കുടുംബങ്ങളേയും സുഹൃത്തുക്കളേയും, സ്‌നേഹത്തോടെ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഏവരും ഇതൊരറിയിപ്പായി സ്വീകരിച്ച്‌ താങ്കളുടെ സാന്നിദ്ധ്യസഹായ സഹകരണങ്ങളാല്‍ ഈ സൗഹൃദസംഗമം ഒരു വന്‍വിജയമാക്കിതീര്‍ക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ മുക്കാടന്‍ ഫോണ്‍ ( 609) 2130301 ഇമെയില്‍: james.mukkadan@gmail.com, ഡോ.പീയുസ്‌ മാളിയേക്കല്‍ ഫോണ്‍: (407) 4891394
ഇമെയില്‍: pmaliakal@yahoo.com

പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ അന്തരിച്ചു

അബൂദബി: പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ (60) അന്തരിച്ചു. ഇന്ന് (മെയ് 11) തിങ്കളാഴ്ച വൈകുന്നേരം അബൂദബി മുസഫ ശാബിയ 11 -ലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. അബുദാബി ഷെയ്ഖ് ഖലീഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറയിലെ പരേതരായ ഉമ്മര്‍-ആയിശ ദമ്പതികളുടെ മകനായ അരീപ്പുറത്ത് സെയ്തുമുഹമ്മദാണ് ‘അസ്‌മോ പുത്തന്‍ചിറ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്നത്. റസിയയാണ് ഭാര്യ. മക്കളില്ല. അബൂദബിയില്‍ സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു.

പുത്തന്‍ചിറ ഗവ. ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം കഴിഞ്ഞ് തിരൂര്‍ എസ്.എസ്.എം.എസ് പോളിടെക്നിക്കില്‍നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം 1974-ലാണ് അബൂദബിയിലെത്തിയത്. അക്കാലത്ത് ബോംബെയില്‍ (മുംബൈ) നിന്ന് കപ്പല്‍ മാര്‍ഗമായിരുന്നു ഗള്‍ഫ് നാടുകളിലേക്ക് പോയിക്കൊണ്ടിരുന്നത്. അന്ന് ‘ദുംഗ’ എന്ന കപ്പലില്‍ ഗള്‍ഫിലെത്തിയ അസ്‌മോയുടെ പിന്നീടുള്ള 41 വര്‍ഷവും അബൂദബിയിലായിരുന്നു.

പഠന കാലത്ത് ചെറുകഥാ രചനകളിലും കവിതയെഴുത്തിലുമെല്ലാം ആകൃഷ്ടനായിരുന്ന അസ്‌മോ ഇതുവരെയായി ഏകദേശം ഇരുന്നൂറിലധികം കവിതകള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലേയും ഗള്‍ഫിലേയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അസ്‌മോയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബിയിലെ കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെ അമരക്കാരന്‍ ആയിരുന്നു അസ്‌മോ. ഷാര്‍ജയിലെ പാം പുസ്തകപ്പുരയുടെ അക്ഷരമുദ്ര പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം യു.എ.ഇ.യിലെ പുത്തന്‍‌ചിറ ഫാമിലി അസ്സോസിയേഷന്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

70-ലധികം കവിതകള്‍ ഉള്‍ക്കൊള്ളുന്ന പ്രഥമ കവിതാ സമാഹാരം ‘ചിരിക്കുരുതി’ അടുത്തിടെയാണ് ഡി.സി ബുക്സ് പുറത്തിറക്കിയത്. രണ്ടാമത്തെ കവിതാ സമാഹാരത്തിന്‍െറ പണിപ്പുരയിലായിരുന്നു. പ്രവാസം ആരംഭിച്ചത് മുതല്‍ സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്ന അസ്‌മോ പുത്തന്‍ചിറ ഇംഗ്ളീഷുകാരിയായ ദോറോത്തി ആരംഭിച്ച അബൂദബി ആര്‍ട്ട് ഫൗണ്ടേഷനിലെ പോയറ്റ് കോര്‍ണറിന്‍െറ ക്യാപ്റ്റനായിരുന്നു.

2014 ഒക്ടോബറില്‍ പുത്തന്‍‌ചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍‌ചിറ ഗവ. എല്‍.പി.സ്‌കൂളില്‍ വെച്ച് അസ്‌മോയെ ആദരിക്കുകയും അദ്ദേഹത്തിന്റെ ‘ചിരിക്കുരുതി’ കാവ്യസമാഹാരത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

സൂസമ്മ കുര്യന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: മലയാള മനോരമയുടെ മുന്‍ പ്രൂഫ് റീഡെര്‍ (Proof Reader) കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പില്‍ പരേതനായ എന്‍. എ . കുര്യന്റെ ഭാര്യ സൂസമ്മ കുര്യന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8 നു ന്യൂ യോര്‍ക്ക് ബെഥേല്‍ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ ചുമതലയില്‍ ലോങ്ങ് അയലണ്ട് (Long Island) ഓള്‍ സയിന്‌സ് (All Saints) സെമിത്തേരിയില്‍.

മക്കള്‍ : പരേതയായ മോളി, രെയ് ചാക്കോ (Ray Chacko) , ജെസ്സി ബാബു , ഷേര്‍ലി എബ്രഹാം. മരുമക്കള്‍: തലശ്ശേരി കിളിയന്ത്ര പതാലില്‍ റവ. ജോര്‍ജ്. പി .ചാക്കോ , പത്തനാപുരം പിടവൂര്‍ കൊമ്പിക്കുന്നത്തു ബാബു മത്തായി, പാമ്പാടി കോത്തല കുളങ്ങര വീട്ടില്‍ റവ. കെ . വി . എബ്രഹാം

ശോഭനയുടെ കൃഷ്‌ണ ഹ്യൂസ്റ്റണില്‍

ഹൂസ്റ്റണ്‍: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ മൂന്ന്‌ വര്‍ഷത്തെ കഠിന ശ്രമത്തിന്റെ ഫലമായ `കൃഷ്‌ണ’ എന്ന നൃത്ത ശില്‌പം ഹ്യൂസ്റ്റണില്‍ എത്തുന്നു. സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററുമായി (Sunanda’s Performing Arts Center) സഹകരിച്ച്‌ ഇന്തോ അമേരിക്കന്‍ അസോസിയേഷന്‍ (IAA) ആണ്‌ മെയ്‌ 22 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 8 മണിയ്‌ക്ക്‌ ഹ്യൂസ്റ്റണ്‍ ഡൗണ്‍ ടൗണിലുള്ള വര്‍ത്ഥം സെന്ററില്‍ (Wortham Center) വച്ച്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌.

ശ്രീകൃഷ്‌ണചരിതത്തില്‍ നിന്നുള്ള ഏടാണ്‌ കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭനയും സംഘവും അവതരിപ്പിക്കുന്നത്‌. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തെ തുടര്‍ന്നാണ്‌ ഇംഗ്ലീഷ്‌ ഭാഷയിലുള്ള ഈ നൃത്തശില്‌പം ശോഭന ചിട്ടപ്പെടുത്തിയത്‌. കൃഷ്‌നാകുന്നത്‌ ശോഭനയാണ്‌. പതിനേഴോളം കലാകാരികള്‍ വേദിയില്‍ അണിനിരക്കും.

മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്‌റ്റേജിലെ മായാകാഴ്‌ചകളായി പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്‌. ശ്രീകൃഷ്‌ണന്‍റ്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ ആദ്യത്തെ നൃത്തസംഗീതനാടകമാണ്‌ കൃഷ്‌ണ. കര്‍ണാട്ടിക്‌ ക്ലാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും, മലയാളവും ഇടകലര്‍ന്ന പശ്ചാത്തലസംഗീതമാണ്‌ കൃഷ്‌ണയുടേത്‌.

എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട പ്രശസ്‌ത ഗാനങ്ങളാണ്‌ കൃഷ്‌ണയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്‌ത സിനിമാതാരങ്ങളാണ്‌ കൃഷ്‌ണയിലെ കഥാപാത്രങ്ങള്‍ക്ക്‌ ശബ്ദം നല്‌കിയിരിക്കുന്നത്‌. അര്‍ജ്ജുനന്‌ സൂര്യയും, രാധയ്‌ക്ക്‌ കൊങ്കണ സെന്നും, ഗാന്ധാരിക്ക്‌ ശബാന ആസ്‌മിയും, ദ്രൗപദിക്ക്‌ ശോഭനയും ശബ്ദം നല്‌കിയപ്പോള്‍ ആന്‌ഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവര്‍ കൃഷ്‌ണയിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്ക്‌ ശബ്ദമേകി.

നവരസങ്ങളും ഭാവങ്ങളും മിന്നിമറയുന്ന `കൃഷ്‌ണ’ ഹ്യൂസ്റ്റണിലെ പ്രേക്ഷകര്‍ക്ക്‌ ഒരു പുതുപുത്തന്‍ ദൃശ്യാനുഭവം പകരും. ഏതു പ്രായക്കാരേയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ രണ്ടര മണിക്കൂര്‍ നീളുന്ന ഈ ദൃശ്യവിസ്‌മയത്തിന്റെ ടിക്കറ്റുകള്‍ക്കായി വിളിക്കുക : 281-648-0422 / 832-487-7041 / www.iaahouston.com/tickets (Use the coupon code SPARC10 for 10% off)

YouTube link for the promo video: https://www.youtube.com/watch?v=dRB8hvWB4Yg

മെയ്‌മാസ വണക്കവും പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും (റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌)

പരിശുദ്ധ ദൈവമാതാവിനോടുള്ള ബഹുമാനസൂചകമായി നടത്തുന്ന മെയ്‌മാസ വണക്കം പതിന്നാലാം നൂറ്റാണ്ടില്‍ ഹെന്റി സൂസെ ആരംഭിച്ച ഭക്തിപ്രസ്ഥാനമാണ്‌. പാശ്ചാത്യസഭയില്‍ വളര്‍ന്ന്‌ പൗരസ്‌ത്യസഭകളിലേക്ക്‌ വ്യാപിച്ച ഒരു ഭക്തിരൂപമാണിത്‌. പരിശുദ്ധ മറിയത്തിന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും, ഗീതങ്ങളുമാണ്‌ ഈ പ്രാര്‍ത്ഥനയിലുള്ളത്‌. പീയൂസ്‌ ഏഴാമന്‍ മാര്‍പാപ്പ 1859-ല്‍ മെയ്‌മാസ വണക്കം നടത്തുന്നവര്‍ക്ക്‌ ദണ്‌ഡവിമോചനം പ്രഖ്യാപിച്ചു. പീയൂസ്‌ പന്ത്രണ്ടാമന്‍ മാര്‍പാപ്പ മെദിയാത്തോര്‍ ദേയി (Mediator Dei) എന്ന ചാക്രിയ ലേഖത്തിനു മെയ്‌മാസ ഭക്തി ക്ലിപതാര്‍ത്ഥത്തില്‍ ലിറ്റര്‍ജിയില്‍പ്പെടുന്നില്ലെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭക്താഭ്യാസമാകയാല്‍ പരിശുദ്ധ സിംഹാസനവും മെത്രാന്മാരും അതു വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എടുത്തുപറഞ്ഞു.

മാതൃത്വം ശ്രേഷ്‌ഠമെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്‌ഠവും അത്യുന്നതുവുമാണ്‌. പരിശുദ്ധ കന്യകാമറിയത്തിനു നമ്മുടെ ക്രിസ്‌തീയ ജീവിതത്തില്‍ അതുല്യമായ സ്ഥാനമുണ്ട്‌. ദൈവമാതാവ്‌ എന്ന സ്ഥാനത്തിലൂടെ മറിയം മനുഷ്യകുലത്തിന്റെ മുഴുവന്‍ അമ്മയാണ്‌.നമ്മുടെ ആദ്ധ്യാത്മിക ജനനിയെന്ന പദവിമൂലം സകല പ്രസാദവരങ്ങളുടേയും പ്രഭായികയായി പരിശുദ്ധ അമ്മ നിലകൊള്ളുന്നു. നിത്യരക്ഷയുടെ മാറ്റമില്ലാത്ത അടയാളമാണ്‌ അവര്‍.

പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തി നമ്മുടെ പുണ്യജീവിതത്തിനും, സ്വര്‍ഗ്ഗപ്രാപ്‌തിക്കും തികച്ചും അനുപേക്ഷണീയമാണ്‌. സ്വര്‍ഗ്ഗീയ നന്മകള്‍ നമുക്ക്‌ പ്രാപിക്കാനും ഈശോയുടെ ഹൃദയത്തിനു അനുരൂപമായ ഒരു ജീവിതം നയിക്കുന്നതിനും മറിയത്തോടുള്ള ഭക്തിസഹായിക്കും. കാനായിലെ കല്യാണവേളയില്‍ ആതിഥേയ കുടുംബത്തെ അപമാനത്തില്‍നിന്നും രക്ഷിച്ച പരിശുദ്ധ അമ്മ ആപത്തുകളില്‍ നമുക്ക്‌ തുണയേകും.

മാര്‍പാപ്പ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ ഞാന്‍ പള്ളിയില്‍ പോകും: റൗള്‍ കാസ്‌ട്രോ

വത്തിക്കാന്‍ സിറ്റി: മാനവിക വിഷയങ്ങളില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ താന്‍ വീണ്ടും പ്രാര്‍ഥനകളിലേക്കു മടങ്ങുമെന്നു ക്യൂബന്‍ പ്രസിഡന്‍റ്‌ റൗള്‍ കാസ്‌ട്രോ. പള്ളിയില്‍ പോകാനും തയാറാണ്‌. ഇതു തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്‌ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കു നന്ദി അറിയിച്ച്‌ വത്തിക്കാനിലെത്തിയപ്പോഴാണു കമ്യൂണിസ്റ്റ്‌ നേതാവിന്‍റെ പ്രഖ്യാപനം. വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ്‌പരില്ലയ്‌ക്കൊപ്പമാണു ക്യൂബയുടെയും കത്തോലിക്കാ സഭയുടെയും ചരിത്രത്തില്‍ നാഴികക്കലായ കൂടിക്കാഴ്‌ചയ്‌ക്ക്‌ കാസ്‌ട്രോ വത്തിക്കാനിലെത്തിയത്‌.

യുഎസും ക്യൂബയുമായി അമ്പതു വര്‍ഷത്തിലേറെ നീണ്ട വൈരം അവസാനിപ്പിക്കാന്‍ അര്‍ജന്‍റീനക്കാരനായ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍ഫലപ്രദമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇരു രാഷ്ട്രങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ അടുത്തിടെ യുഎസ്‌ പ്രസിഡന്‍റ്‌ ബരാക്‌ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു.

ഇന്നലെ വത്തിക്കാനിലെ കൊട്ടാരത്തിലെത്തിയ കാസ്‌ട്രോയെ സെന്‍റ്‌ മാര്‍ട്ടിന്‍റെ രൂപം നല്‍കിയാണു മാര്‍പാപ്പ സ്വീകരിച്ചത്‌. ക്യൂബന്‍ ചിത്രകാരന്‍ കെച്ചോയുടെ പെയ്‌ന്‍റിങ്കാസ്‌ട്രോ മാര്‍പാപ്പയ്‌ക്കു നല്‍കി. തുടര്‍ന്ന്‌ ഇരുവരും പോള്‍ ആറാമന്‍ ഹാളിനു സമീപത്തെ ചെറിയ മുറിയില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. സ്‌പാനിഷ്‌ ഭാഷയിലായിരുന്നുസംഭാഷണം. കത്തോലിക്കാ നേതാക്കളുടെ അറിവും മാന്യമായ പെരുമാറ്റവും താന്‍ ഏറെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നതായി കാസ്‌ട്രോ പറഞ്ഞു. വരുന്നസെപ്‌റ്റംബറില്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുമ്പോള്‍ നടത്തുന്ന എല്ലാ കുര്‍ബാനകളിലും താന്‍ പങ്കെടുക്കുമെന്നും ഇതു തമാശയല്ലെന്നും കാസ്‌ട്രോ.

സെബാസ്റ്റ്യന്‍ ആന്റണി