സ്വവര്‍ഗ്ഗവിവാഹം നിഷേധിക്കുന്നതിന് പുരോഹിതര്‍ക്ക് അവകാശം; ബില്ലിന് സെനറ്റിന്റെ അംഗീകാരം

ഓസ്റ്റിന്‍ : സ്വവര്‍ഗ്ഗവിവാഹം നടത്തി കൊടുക്കുന്നതിനോ, ആശീര്‍വദിക്കുന്നതിനോ ആവശ്യപ്പെട്ടാല്‍, അത് നിഷേധിക്കുന്നതിന് പുരോഹിതര്‍ക്കുള്ള പൂര്‍ണ്ണ അവകാശം ഉറപ്പു നല്‍കുന്ന ബില്‍ ടെക്‌സസ് സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ മെയ് 11 തിങ്കളാഴ്ച പാസ്സാക്കി.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്രേയ്ഗ എസ്റ്റീസ് അവതരിപ്പിച്ച ബില്‍ 21 വോട്ടുകള്‍ നേടിയാണ് പാസ്സായത്. 10 പേര്‍ ബില്ലിനെതിരായി വോട്ട് രേഖപ്പെടുത്തി.

വിവാഹം നടത്തി കൊടുക്കുന്നതിന് ടെക്‌സസ് ലൈസെന്‍സ് നല്‍കിയിട്ടുള്ള പുരോഹിതര്‍ക്കോ, പാസ്റ്റര്‍മാര്‍ക്കോ, സ്വവര്‍ഗ്ഗ വിവാഹം നടത്തി കൊടുക്കണമെന്നാവശ്യപ്പെട്ടാല്‍ നിഷേധിക്കുന്നതിനുള്ള അവകാശം ഇല്ലായിരുന്നു. ബില്‍ നിയമമാകുന്നതോടെ വിവാഹം നടത്തണമോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ലഭ്യമായി.

മതപരമായ അവകാശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് മതമൗലീകവാദികള്‍ അവകാശപ്പെടുമ്പോള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശം ഈ നിയമം പാസ്സാക്കുന്നതിലൂടെ നിഷേധിക്കപ്പെടുന്നു എന്നാണ് അഡ്വക്കസി ഗ്രൂപ്പ് പരാതിപ്പെടുന്നത്. യു.എസ്. സുപ്രീം കോടതി സ്വവര്‍ഗ്ഗവിവാഹത്തിന്റെ സാധുത നടപ്പാക്കുന്നതിനുമുമ്പ് ടെക്‌സസ് ഈ നിയമം പാസ്സാക്കുന്നത് വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മില്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പി. പി. ചെറിയാന്‍

ഡാളസ്സിലെ നഴ്‌സസ് സംഗമം അവിസ്മരണീയമായി

ഗാര്‍ലാന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളി നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് പങ്കെടുത്തവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.

മെയ് 9 ശനിയാഴ്ച പത്തുമണിക്ക് ആരംഭിക്കുന്ന ചടങ്ങിലേക്ക് രാവിലെ ഒമ്പതുമുതല്‍ തന്നെ നഴ്‌സുമാരും കുടുംബാംഗങ്ങളും എത്തിചേര്‍ന്ന് കൊണ്ടിരുന്നു. പത്തുമണിയായതോടെ ഇരുന്നൂറു പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. കേരള അസ്സോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ആദരിക്കുന്നതും അംഗീകരിക്കുന്നതുമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ഡാളസിലെ പ്രതികൂല കാലാവസ്ഥാ പ്രവചനംപോലും അവഗണിച്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ഈ തീരുമാനത്തെ പൂര്‍ണ്ണമായും ശരിവക്കുകയായിരുന്നു.

അമേരിക്കന്‍- ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു പങ്കെടുക്കാനെത്തിവരെ അനുമോദിക്കുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് നാഷ്ണല്‍ വൈസ് പ്രസിഡന്റ് ജാക്കി മൈക്കിള്‍, മുന്‍ പ്രസിഡന്റ് ആലീസ് മാത്യു, പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ അവാര്‍ഡിനര്‍ഹരായ നഴ്‌സുമാരെ ഷെര്‍ലികൊടുവത്ത്, ജാക്കിമൈക്കിള്‍ എന്നിവര്‍ പ്രത്യേക പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് പങ്കെടുത്തവര്‍ക്ക് പരസ്പരം പരിചയപ്പെടുത്തുന്നതിനുള്ള അവസരം ലഭിച്ചു. അമേരിക്കയില്‍ എത്തിയ ആദ്യകാല നഴ്‌സുമാരുടെ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നത് ശ്രദ്ധിക്കപ്പെട്ടു. ദീപ ജെയ്‌സണ്‍, ആനി തങ്കച്ചന്‍, എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഫൊക്കാനാ കലാതിലകം നാന്‍സി വര്‍ഗ്ഗീസിന്റെ നൃത്തവും ചടങ്ങിന് കൊഴുപ്പേകി. ബോബന്‍ കൊടുവത്ത് നന്ദി പറഞ്ഞു. സിന്ധു സുധീര്‍ എം.സി. ആയി ചടങ്ങുകള്‍ നിയന്ത്രിച്ചു.

പി. പി. ചെറിയാന്‍

ജെ.പി.മോര്‍ഗന്‍ വൈസ് പ്രസിഡന്റ് ആദിത്യയുടെ മരണം-25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് കേസ്സ്

ന്യൂയോര്‍ക്ക് : ഫെബ്രുവരിയില്‍, ന്യൂയോര്‍ക്ക് മെട്രോ ട്രെയ്‌നും, എസ്.യു.വി.യും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ജെ.പി. മോര്‍ഗന്‍ വൈസ് പ്രസിഡന്റും, ഇന്ത്യന്‍ വംശജനുമായ ആദിത്യ റ്റൊമാറിന്റെ(41) മരണത്തിന് ഉത്തരവാദികളായ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്, മെട്രോ ഹേലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറട്ടി എന്നിവരെ പ്രതി ചേര്‍ത്ത് ആദിത്യയുടെ ഭാര്യ രേഷ്മ നഷ്ടപരിഹാരത്തിന് കേസ്സ് ഫയല്‍ ചെയ്തു.

അപകടത്തില്‍ ആദിത്യയുടെ തലയില്‍ മുറിവുണ്ടാക്കുകയും, ശരീരത്തില്‍ പൊള്ളലേല്‍ക്കുകയും, ഹൃദയത്തിനും, ശ്വാസകോശത്തിനും മുറിവേല്‍ക്കുകയും ചെയ്തു. ശാരീരികമായും, മാനസീകമായും കഠിനമായ വേദനഅനുഭവിച്ചതിനു ശേഷമാണ് മരണം സംഭവിച്ചതെന്ന് രേഷ്മ സമര്‍പ്പിച്ച പെറ്റീഷനില്‍ ചൂണ്ടികാട്ടി.

റെയില്‍ റോഡ് അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും, റെയ്ല്‍ ക്രോസിനില്‍ ശരിയായ വെളിച്ചമോ, ഗെയ്‌റ്റൊ സ്ഥാപിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷിത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 25 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ചു അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്നതിനാണ് ആദിത്യ ഇവിടെയെത്തിയത്. ന്യൂയോര്‍ക്കിലുണ്ടായ ട്രെയ്ല്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആറുപേരോടൊപ്പം ആദിത്യയുടേയും ഭാവി പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

പി. പി. ചെറിയാന്‍

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളി പെരുന്നാള്‍ മെയ്‌ 16,17 തീയതികളില്‍

ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 16, 17 (ശനി, ഞായര്‍) തീയതികളില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പലീത്ത അഭിവന്ദ്യ ഏബ്രഹാം മോര്‍ സേവേറിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും, ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്താലും നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നു.

മെയ്‌ പത്താം തീയതി വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായുള്ള കൊടിയേറ്റത്തോടുകൂടി പെരുന്നാളിനു തുടക്കംകുറിക്കും.

മെയ്‌ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവയുണ്ടായിരിക്കും. 17-ന്‌ ഞായറാഴ്‌ച 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക്‌ അഭിവന്ദ്യ ഏബ്രഹാം മോര്‍ സേവേറിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. 11.45-ന്‌ റാസ, 12.15-ന്‌ ലേലം, 12.30-ന്‌ നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌, ചെണ്ടമേളം എന്നീരീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 2.15-ന്‌ കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും.

ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ മാണി ഡാനിയേലും, മാത്യു പി. ജോര്‍ജും അവരുടെ കുടുംബാംഗങ്ങളുമാണ്‌.

ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, ബഹു. ലിജു പോള്‍ അച്ചന്‍, വൈസ്‌ പ്രസിഡന്റ്‌ രാജന്‍ തോമസ്‌, സെക്രട്ടറി റെജിമോന്‍ ജേക്കബ്‌, ട്രഷറര്‍ മാമ്മന്‍ കുരുവിള എന്നിവരും മറ്റു കമ്മിറ്റിയംഗങ്ങളും പെരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ നിയന്ത്രിക്കും.

വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നതിന്‌ ഏവരേയും വികാരി തെക്കേക്കര വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ സ്വാഗതം ചെയ്യുന്നു.

റെജിമോന്‍ ജോക്കബ്‌, സെക്രട്ടറി

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്‌#ീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ ആറുവരെ തീയതികളില്‍ വിവിധ ആഘോഷപരിപാടികളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ജൂണ്‍ 28-ന്‌ ഞായറാഴ്‌ച തിരുനാളിനു കൊടിയേറുന്നതോടുകൂടി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ മോര്‍ട്ടന്‍ഗ്രോവ്‌, നൈല്‍സിലുള്ള സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡുകാരാണ്‌. കത്തീഡ്രല്‍ വികാരി റവ. ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ അതിവിപുലമായ ആഘോഷപരിപാടികളുമായി ഈ `കുടുംബവര്‍ഷത്തെ’ തിരുനാള്‍ ഒരു അദ്ധ്യാത്മിക വിജയമാക്കിത്തീര്‍ക്കുവാന്‍ തിരുനാള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സിബി പാറേക്കാട്ടിന്റേയും, വാര്‍ഡ്‌ പ്രസിഡന്റ്‌ പയസ്‌ ഒറ്റപ്ലാക്കലിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.

പ്രസ്‌തുത തിരുനാളിന്റെ ധനശേഖരണത്തിന്റെ കിക്ക്‌ഓഫ്‌ കര്‍മ്മം ഷിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌, ജോഷി വള്ളിക്കളത്തിന്റെ കൈയ്യില്‍ നിന്നും ആദ്യ ചെക്ക്‌ സ്വീകരിച്ചുകൊണ്ട്‌ നിര്‍വഹിക്കുകയുണ്ടായി.

മോഹന്‍ സെബാസ്റ്റ്യന്‍

വെബ്‌സൈറ്റ്‌ മുഖം നോക്കി പ്രായം പ്രവചിക്കും!

ന്യൂജേഴ്‌സി: സോഷ്യല്‍ മീഡിയകളില്‍ വലിയതരംഗമായി പുതിയൊരു വെബ്‌സൈറ്റ്‌. ഈ വെബ്‌സൈറ്റ്‌ നിങ്ങളുടെ മുഖം നോക്കി പ്രായം പ്രവചിക്കും.

ഇതിനായി ചെയ്യേണ്ടത്‌ ഇത്രമാത്രം, ഫോട്ടോയെടുക്കുക, എന്നിട്ട്‌ How-Old.net എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ്‌ ചെയ്യുക. നിമിഷങ്ങള്‍ക്കകം വെബ്‌സൈറ്റ്‌ പറഞ്ഞ്‌ തരും നിങ്ങള്‍ക്ക്‌ കാഴ്‌ചയില്‍ എത്രപ്രായം മതിക്കുന്നുവെന്ന്‌.

ലോകത്തിലെ ഏറ്റവും വലിയ ടെക്കമ്പനിയായ മൈക്രോസോഫ്‌റ്റാണ്‌ പുതിയ വെബ്‌സൈറ്റിന്‌ പിന്നില്‍. മൈക്രോസോഫ്‌റ്റിന്റെ ഫെയ്‌സ്‌ ഡിറ്റക്ഷന്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ്‌ ഇന്റര്‍ഫെയ്‌സ്‌ എന്നപ്രോഗ്രാം ഉപയോഗിച്ചാണ്‌ ഉപയോക്താക്കള്‍ അപ്‌ലോഡ്‌ ഫോട്ടോ നോക്കി കമ്പ്യൂട്ടര്‍ അല്‍ഗോരിതം വ്യക്തിയുടെ പ്രായം പ്രവചിക്കുന്നത്‌.

ഇതിനോടകം നിരവധിസെലിബ്രിറ്റികളുടെ പ്രായം ഹൌഓള്‍ഡ്‌ നെറ്റ്‌ പ്രവചിച്ച്‌ കഴിഞ്ഞു.ഇതില്‍ ്‌ ഏറ്റവുംരസകരം യഥാര്‍ത്ഥ പ്രായമല്ല പല സെലിബ്രിറ്റികള്‌ക്കും കാഴ്‌ചയില്‍ മതിക്കുന്നത്‌ എന്നതാണ്‌. അമേരിക്കയുടെ പ്രഥമ വനിത മിഷേല്‌ ഒബാമയുടെ യഥാര്‍ത്ഥ പ്രായം 51 വയസാണ്‌.എന്നാല്‍ ഹൌ ഓള്‌ഡ്‌ നെറ്റ്‌ പറയുന്നത്‌ മിഷേലിന്‌ 37 വയസാണ്‌ പ്രായം എന്നാണ്‌!.അത്‌പോലെ തന്നെ 67 വയസുള്ള അമേരിക്കയുടെ അടുത്ത പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‌ ഹൌ ഓള്‍ഡ്‌ നെറ്റ്‌ നല്‌കിയിരിക്കുന്ന പ്രായം 40 ആണ്‌, ഇവരുടെ യഥാര്‍ത്ഥ പ്രായമോ 67 വയസും.

എന്നാല്‍ മൈക്രോസോഫ്‌റ്റ്‌ സ്ഥാപകന്‍ ബില്‌ ഗേറ്റ്‌സിന്റെ കാര്യത്തിലാകട്ടെ ഹൌ ഓള്‌ഡ്‌നെറ്റിന്റെ പ്രവചനം തലതിരിഞ്ഞ്‌പോയി. 59 കാരനായ ബില്‍ ഗേറ്റ്‌സിന്റെ പ്രായം 77 ആണെന്നാണ്‌ മൈക്രോസോഫ്‌റ്റിന്റെ ഈസൈറ്റ്‌ പറയുന്നത്‌.

മൈക്രോസോഫ്‌റ്റിന്റെ പുതിയപരീക്ഷണ സൈറ്റ്‌ സോഷ്യല്‍ മീഡിയകളില്‍ തരംഗമായതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നിരവധിയാളുകളാണ്‌ ഹൌ ഓള്‍ഡ്‌ നെറ്റില്‍ സ്വന്തം പ്രായം നോക്കുന്നത്‌.

തങ്ങളുടെ വെബ്‌സൈറ്റ്‌ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ്‌ മൈക്രോസോഫ്‌റ്റ്‌ അധികൃതര്‍.
സെബാസ്റ്റ്യന്‍ ആന്റണി

സൗജന്യ സ്‌കിന്‍ കാന്‍സര്‍ സ്‌ക്രീനിംഗ് മെയ് 16ന് ഡാളസ്സില്‍

ഡാളസ് : ഡി.എഫ്.ഡബ്ലൂ ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത സൗജന്യ സ്‌കിന്‍ കാന്‍സര്‍ സക്രീനിങ്ങ് ഡാളസ്സിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.

ഡോക്ടേഴ്‌സ് ഹോസ്പിറ്റല്‍ വൈറ്റ് റോക്ക് (866 764 3627), മെഡിക്കല്‍ സെന്റര്‍ പ്ലാനോ (817 756 8502) ടെക്‌സാസ് ഓണ്‍ കോളജില്‍ ആര്‍ലിങ്ടണ്‍ നോര്‍ത്ത് (817 756 8502) എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മെയ് 16 ന് (ശനിയാഴ്ച) രാവിലെ 8 മുതലാണ് പരിശോധന.

മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സൗജന്യമായി നടത്തുന്ന പരിശോധനയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പരിശോധനയ്ക്ക് വരുന്നവര്‍ക്ക് സൗജന്യ കാര്‍ പാര്‍ക്കിങ് ലഭ്യമാണ്.

dfwskincancerscrening@gmail.com എന്ന ഇമെയിലുമായി ബന്ധപ്പെട്ടാലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഇത് നല്ലൊരു അവസരമാണ്.

പി. പി. ചെറിയാന്‍

നേപ്പാൾ ജനതയെ സഹായിക്കാൻ റോട്ടറി ക്ലബ്ബിന്റെ സംഗീത വിരുന്ന് : സ്പോണ്‍സർ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്

ന്യൂജേഴ്സി: നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 7510 നടത്തുന്ന സംഗീത പരിപാടി ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് (ഐ എ എം സി സി) സ്പോണ്‍സർ ചെയ്യുമെന്ന് ചേംബർ പ്രസിഡന്റ്‌ മാധവൻ ബി നായർ അറിയിച്ചു.

ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൻ യുനിവേഴ്സിറ്റി കാമ്പസിൽ മെയ്‌ 16 (ശനി) വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ പ്രശസ്ത ഗായകരായ കൃഷ്ണ ദാസ് , ഗുരു ഗണേഷ് എന്നിവരവതരിപ്പിക്കുന്ന പ്രത്യേക ഗാനവിരുന്നുണ്ടായിരിക്കും.

ലക്ഷക്കണക്കിനു ജനങ്ങളെ ദുതിതത്തിലാഴ്ത്തിയ ദുരന്തം അത്യധികം വേദനാജനകമാണെന്നും തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായമെത്തിക്കാൻ ചേംബർ അംഗങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും മാധവൻ നായർ പറഞ്ഞു. ധനസമാഹരണത്തിനായി റോട്ടറി ക്ലബ്‌ ഡിസ്ട്രിക്റ്റ് 7510 സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഇതിനുള്ള നല്ല ഒരവസരമായി കരുതുവെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

ഫ്രണ്ട് സ് ഓഫ് നേപ്പാൾ, റോട്ടറി ക്ലബ്‌ ഓഫ് പ്രിൻസ്റ്റൻ തുടങ്ങിയ സംഘടനകളും ഈ പരിപാടിയുടെ സ്പോണ്‍സർമാരായി മുന്നോട്ടു വന്നിട്ടുണ്ട് .

ആസ്വാദ്യകരമായ സംഗീത വിരുന്നിൽ പങ്കെടുത്തു നേപ്പാൾ ജനതയെ സഹായിക്കാൻ ഈ ലിങ്കിൽ രെജിസ് റ്റെർ ചെയ്യണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.
http://archive. constantcontact.com/fs194/ 1101870871359/archive/ 1120953505960.html

Date : May 16, 2015

Time: 7 pm – 11 pm

Venue:
First Campus Center Multipurpose Room
Princeton UniversityParking: Lot 21
Princeton, NJ 08544

വിനീത നായർ

പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

യൂറോപ്യന്‍ റീജിയനിലേക്ക് കുര്യന്‍ ജേക്കബ് കോതമംഗലം (സിറിള്‍ മനിയാനിപ്പുറം-ഓസ്ട്രിയ) – ചെയര്‍മാന്‍, ഡോണി ജോര്‍ജ് (ജെര്‍മനി) വൈസ് ചെയര്‍മാന്‍, ജോഷിമോന്‍ ഏറണാകേരില്‍ (ഓസ്ട്രിയ) – പ്രസിഡന്റ്, ഡോ. കെ.വി സുരേഷ് (ഹംഗറി) – വൈസ് പ്രസിഡന്റ്, ബീയിംഗ്സ് പി. ബേബി (അയര്‍ലന്‍ഡ്) – സെക്രട്ടറി, റോബിന്‍ രാജു(ബാറ്റിസ്ലേവ)- ജോ. സെക്രട്ടറി, അനീഷ് സുരേന്ദ്രന്‍ (യു.കെ) – ട്രഷറര്‍ എന്നിവരെ എക്‌സെകട്ടീവ് കമ്മിറ്റിയിലേക്കും, പ്രജിത് പാലേരി (ചെക്ക് റിപ്പബ്ലിക്), ജെറി ജേക്കബ് കക്കാട്ട് (ജെര്‍മനി), സാജു മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരെ കമ്മിറ്റി മെംബര്‍മാരായും തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ അറിയിച്ചു.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കുര്യന്‍ ജേക്കബ് (സിറിള്‍) കോതമംഗലം കീരംപാറ സ്വദേശിയാണ്. 1995-ല്‍ ഓസ്ട്രിയയില്‍ പ്രവാസിയായി എത്തിയ ഇദ്ദേഹം വിയന്നയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തില്‍ ബഹിരാകാശ വിഭാഗം ഉദ്യോഗസ്ഥനാണ്. മികച്ച സംഘാടകനും വാഗ്മിയും കൂടിയായ കുര്യന്‍ തന്റെ കലാലയ ജീവിതകാലത്ത് ഒട്ടനവധി സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും, കരുത്തുറ്റ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.സി എറണാകുളം ജില്ലാ പ്രസിഡന്റ്, കോതമംഗലം താലൂക്ക് പ്രസിഡന്റ്, സര്‍വോദയസംഘം ഭരണസമിതിയംഗം, കേരള യുവജന ഫോറം മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിന്‍സ് ചെയര്‍മാന്‍, യൂറോപ്യന്‍ റീജിയണല്‍ കൗണ്‍സില്‍ അംഗം, കേരള കള്‍ച്ചറല്‍ സൊസൈറ്റി കലാ വിഭാഗം കണ്‍വീനര്‍ എന്നി പദവികളും അലങ്കരിച്ചിട്ടുണ്ട്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷിമോന്‍ എറണാകേരില്‍ ചങ്ങനാശ്ശേരി സ്വദേശിയാണ്. ഇദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് പല യുവജന സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുകയും നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1993-ല്‍ ഓസ്ട്രിയയില്‍ എത്തിയ ജോഷിമോന്‍ ഐക്യരാഷ്ട്രസഭയുടെ വിയന്ന കേന്ദ്രത്തില്‍ ഉദ്യോഗസ്ഥനാണ്. വിയന്നയിലെ പല പ്രവാസി മലയാളി സംഘടനകളിലും പ്രവര്‍ത്തിക്കുകയും തന്റെ നേതൃപാടവം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനാറുവര്‍ഷമായി വിയന്ന കൈരളി നികേതന്‍ മലയാളം സ്കൂളിന്റെ ഡയറക്ടറായി സ്തുത്യര്‍ഹ സേവനം ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ്, യൂറോപ്യന്‍ റീജിയന്‍ സെക്രട്ടറി, വിയന്ന മലയാളി അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോല്‍ വികെ ഇന്ത്യാ ക്ലബില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബീയിംഗ്സ് പി. ബേബി പാലാ സ്വദേശിയാണ്. 2005-ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ബീയിംഗ്സ് ബിസിനസ് എക്‌സെകട്ടീവ് ആയി ജോലി ചെയ്യുന്നു. കൂടാതെ പ്രമുഖ ഓണ്‍ലൈന്‍ മലയാളം ന്യൂസ് പോര്‍ട്ടലായ പ്രവാസി ശബ്ദം ഡോട്ട് കോമിന്റെ എഡിറ്റര്‍ കൂടിയാണ്. യുവജന സംഘടനാ പ്രവര്‍ത്തനരംഗത്ത് തനതായ പ്രവര്‍ത്തന ശലികൊണ്ട് സ്വദേശത്തും ചുരുങ്ങിയ കാലം കൊണ്ട് അയര്‍ലന്‍ഡിലെ മലയാളികള്‍ക്കിടയിലും പ്രശംസ നേടിയിട്ടുണ്ട്. ഒരു കലാകാരന്‍ കൂടിയായ ബീയിംഗ്സ് തൊടുപുഴ ഉപാസനാ ക്ലബില്‍ ഗായകനായിരുന്നു. കൂടാതെ കോട്ടയം റൈഫിള്‍ ക്ലബിന്റെ അംഗവുമാണ്. യുവാക്കളുടെ സൗഹൃദവലയത്തിന്റെ ഉടമയാണ് ബീയിംഗ്സ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ റീജിയണ്‍ ഭാരവാഹികള്‍ക്ക് അനുമോദങ്ങള്‍ അറിയിക്കുന്നതായി ഗ്ലോബല്‍ ഭാരവാഹികള്‍ അറിയിച്ചു.

മാത്യു മൂലേച്ചേരില്‍

യു.എന്‍. ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ ആദരിക്കപ്പെട്ട ഡോ. ഷംഷീര്‍ വയലില്‍

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവമുള്ള ഡോ. ഷംഷീര്‍ വയലില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ച് ആദരിക്കപ്പെട്ടപ്പോള്‍ ആ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഏറേ അഭിമാനവും സന്തോഷവുമുളവാക്കി. ഇത്തരമൊരു ആദരവിനും അംഗീകാരത്തിനും തികച്ചും യോഗ്യനും അര്‍ഹനുമാണ് ഡോ. ഷംഷീര്‍ എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നര്‍ക്ക് അറിയാം. തന്റെ കഴിവും പ്രാപ്തിയും ലോകനന്മയ്ക്കായി വിനിയോഗിച്ച ഈ പ്രതിഭാശാലിയെക്കുറിച്ച് ഇത്തരുണത്തില്‍ അല്പം പ്രതിപാദിക്കുന്നത് ഉചിതമാണെന്നു തോന്നി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ്. ഹെല്‍‌ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണ് ഡോ. ഷംഷീര്‍. യു.എ.ഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് കെയര്‍ സിസ്റ്റം സ്ഥാപിച്ച് ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്ക്കര്‍മ്മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ആരോഗ്യ-മനുഷ്യാവകാശ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങള്‍ യു.എ.ഇ. ഭരണാധികാരികളില്‍ നിന്നും, ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എ. യൂസഫ് അലിയുടെ ജാമാതാവാണ് ഡോ. ഷംഷീര്‍.

ജാതി-മത-ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിന്റെ കാരുണ്യഹസ്തങ്ങളെത്തിയത് വിദൂര ദേശങ്ങളിലാണ്. വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് നാം നന്മ ചെയ്യേണ്ടതെന്ന അദ്ദേഹത്തിന്റെ അടിസ്ഥാന തത്വം നമുക്കു കാണിച്ചു തരുന്നത് വിശ്വമാനവികതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്ത സൗജന്യ ഹൃദയശസ്ത്രക്രിയകളിലൂടെ നിരവധി പേരുടെ ജീവനാണ് അദ്ദേഹം തിരികെ നല്‍കിയത്. അവരില്‍ അറബ് വംശജരും, ഇന്ത്യാക്കാരും, ആഫ്രിക്കക്കാരുമൊക്കെയുണ്ട്. തന്മൂലം ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നേപ്പാള്‍ ഭൂകമ്പത്തിന്റെ ഇരകളായിത്തീര്‍ന്ന ഹതഭാഗ്യര്‍ക്ക് അദ്ദേഹത്തിന്റെ കാരുണ്യം ലഭിച്ചിട്ടുണ്ട്.

ഒരു ഡോക്ടര്‍ എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. അതുകൊണ്ടുതന്നെയാകണം വര്‍ഷങ്ങളായി പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ‘പ്രവാസി വോട്ടവകാശം’ എന്ന വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. പ്രവാസികള്‍ക്ക് അവരുടെ മൗലികാവകാശമായ വോട്ട് രേഖപ്പെടുത്താനുള്ള നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഇന്ത്യാ ഗവണ്മെന്റിനെ സുപ്രീം കോടതിയില്‍ നിയമപരമായി നേരിട്ട് അനുകൂല വിധി സമ്പാദിച്ച വ്യക്തിത്വവും അദ്ദേഹത്തിന് സ്വന്തം. സുപ്രീം കോടതി അഭിഭാഷകനും, വോട്ടവകാശത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയ ഹാരിസ് ബീരാനും ന്യൂയോര്‍ക്കിലെ ചടങ്ങില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

യു.എന്‍. ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി, പുരസ്ക്കാരം ഏറ്റുവാങ്ങിയ ഡോ. ഷംഷീറിന്റെ ഹ്രസ്വ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി കുറെ സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് സദസ്യര്‍ സ്വാഗതം ചെയ്തത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ഇറ്റലി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ലോകപ്രശസ്തരായ ഡോക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികള്‍, ലോകപ്രശസ്ത സന്നദ്ധസേവാ സംഘടനാ പ്രതിനിധികള്‍, ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സദസ്യരുടെ കൈയ്യടികള്‍ക്കിടയില്‍ യു.എ.ഇ. നയതന്ത്രപ്രതിനിധി ശ്രീമതി ലന നുസൈബ (Lana Nusseibeh)യാണ് ഡോ. ഷംഷീറിന് പുരസ്ക്കാരം കൈമാറിയത്.

ഡോ. ഷംഷീറിനൊപ്പമുണ്ടായിരുന്ന വി.പി.എസ്. ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഡോ. ചാള്‍സ് സ്റ്റാന്‍ഫോര്‍ഡ്, ഡോ. ഷാജിര്‍ ഗഫാര്‍, അന്‍ഷുള്‍ ശര്‍മ്മ, മുഹമ്മദ് സര്‍‌ഫ്രോസ് എന്നിവരോടൊപ്പം അഡ്വ. ഹാരിസ് ബീരാന്‍, വ്യവസായ പ്രമുഖനും കുടുംബ സുഹൃത്തുമായ അബ്ദുള്‍ ഖാദിര്‍ മുഹമ്മദ്, ജയ്ഹിന്ദ് ടി.വി. മിഡില്‍ ഈസ്റ്റ് റീജിയന്‍ ബ്യൂറോ ചീഫ് എല്‍‌വിസ് ചുമ്മാര്‍ എന്നിവരുമുണ്ടായിരുന്നു.

വി.പി.എസ്. ഹെല്‍ത്ത് കെയറും ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറവും ചേര്‍ന്ന് സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ അമീര്‍ ഡോസ്സാല്‍ (Amir Dossal), അല്‍ജസീറ ടി.വി. അവതാരകരിലൊരാളായ അലി വെല്‍‌ഷിയും എം.സി.മാരായിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത് സദസ്യരെ അഭിസംബോധന ചെയ്തവരില്‍ ചിലരുടെ പേരുകള്‍: ഹോസേ റാമോസ് ഹോര്‍ട്ട (നോബേല്‍ സമ്മാന ജേതാവ് – സമാധാനം), ഡോ. പ്രകാശ് മസാന്‍ (ചെയര്‍മാന്‍ ആന്റ് സി.ഇ.ഒ., ഗ്ലോബല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍), ഡോ. അസീസ ഷാദ് (അസ്‌ലാന്‍ പ്രൊജക്റ്റ്), പൗലോ കമ്പാനീനി (ഇറ്റാലിയന്‍ കോണ്‍സുലര്‍ ഓഫീസര്‍), ലനാ നുസൈബ (യു.എ.ഇ. മിഷന്‍ പെര്‍മനന്റ് റപ്രസന്റേറ്റീവ്), സിന ആന്റിയ നാറിവെല്ലോ (പെര്‍മനന്റ് റപ്രസന്റേറ്റീവ് ഓഫ് മഡഗാസ്കര്‍ മിഷന്‍).

സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളായ വര്‍ക്കി ഏബ്രഹാം (വ്യവസായ പ്രമുഖന്‍/മലയാളം ഐ.പി.ടി.വി. ചെയര്‍മാന്‍), ഗുരു ദിലീപ്ജി (യോഗാചാര്യന്‍/ഇന്റര്‍ഫെയ്ത്ത് പ്രൊമോട്ടര്‍) എന്നിവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഇനിയുമേറെ നന്മകള്‍ ചെയ്യാന്‍ ഡോ. ഷംഷീറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും കഴിയട്ടേ എന്നും, ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുടെ സേവനങ്ങള്‍ ലഭ്യമാകാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും ആശംസിക്കുന്നു.

ജോസ് പിന്റോ സ്റ്റീഫന്‍ / മൊയ്തീന്‍ പുത്തന്‍‌ചിറ